സന്ദേശം: റവ. റോബി ജെ മാത്യു.
എന്‍റെ സാക്ഷ്യം: ഞാൻ മാർത്തോമ്മാസഭയിലെ ഒരു പുരോഹിതനായിരുന്നു. ഞാൻ ഇന്ന് ഈ ശുശ്രൂഷയിൽ ആയിരിക്കുന്നത് ദൈവത്തിന്‍റെ ഇടപെടലിലൂടെയാണ്. 2012-2014 വര്‍ഷങ്ങളിലേക്ക് ദുബായിലെ ഷാർജയിൽ സഭയുടെ “യൂത്ത് ചാപ്ലിൻ” ആയി ജോലി ചെയ്യാൻ ഞാൻ നിയമിതനായി. ഞാനൊരു ദിവസം ഒരു ഭവനസന്ദര്‍ശനം കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വന്നുകഴിഞ്ഞു അല്പം ഉറങ്ങാനായി കിടന്നു. പക്ഷേ എനിക്കു ഉറങ്ങാനായി സാധിച്ചില്ല. എനിക്ക് 5 മിനിറ്റ് പോലും തുടർച്ചയായി ഉറങ്ങാൻ കഴിഞ്ഞില്ല. ആ നവംബർ മാസം മുഴുവൻ എന്‍റെ ഉറക്കമില്ലായ്മ അങ്ങനെതന്നെ തുടർന്നു. എന്നെ “പ്രാപ്‌തിയില്ലാത്തവൻ” എന്ന് മുദ്രകുത്തുമെന്നും എനിക്ക് എന്‍റെ ശുശ്രൂഷ തുടരാൻ കഴിയില്ലെന്നും ഞാൻ ഭയപ്പെട്ടു. ഒരു മരുന്നുകളും സഹായിക്കില്ല എന്നും എനിക്കു തോന്നി. ഉറക്കമില്ലായ്മയുടെ ആ കാലഘട്ടത്തിൽ എനിക്ക് “വെക്കേഷൻ ബൈബിൾ സ്കൂൾ” നടത്തേണ്ടി വന്നു. എന്നാൽ എന്‍റെ ബലഹീനതയിൽ ദൈവത്തിന്‍റെ കൃപ സമൃദ്ധമായിരുന്നു. മറ്റേതൊരു വർഷത്തേയും പോലെ 40 കുട്ടികൾ വി.ബി.എസ്സിന്‍റെ അവസാനദിവസം മുഴുവൻ സമയ ദൈവീകശുശ്രൂഷയ്ക്കായി സമർപ്പിക്കാനായി. ആമേൻ. മറ്റൊരു സഹോദരൻ എന്നെ കാണുകയും അവന്‍റെ സമാനമായ പ്രശ്‌നമായ ‘ഉറക്കമില്ലായ്മ’ക്കുവേണ്ടി എന്നോടു പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഞാൻ അവനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ എന്‍റെ ആ അവസ്ഥയിൽ നിന്ന് ദൈവം എന്നെ വിടുവിച്ചു. ആ രാത്രി എനിക്ക് നന്നായി ഉറങ്ങാൻ കഴിഞ്ഞു. 2 വർഷത്തിനു ശേഷം 21 ദിവസത്തെ ഭാഗിക ഉപവാസത്തിനും എന്‍റെ ഭാര്യയോടൊപ്പം പ്രാർത്ഥിച്ചതിനും ശേഷം ആ സഭ വിടാനുള്ള ഞങ്ങളുടെ തീരുമാനം ദൈവം സ്ഥിരീകരിച്ചു. “മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്ക് പോകുക” എന്ന ദര്‍ശനം തന്ന ദൈവത്തിനു സ്തുതി.
നെഹെമ്യാവ് – ഹൃദയഭാരമുള്ള മനുഷ്യൻ.
നെഹെമ്യാവ് 1:8,9 – “മോശയോട് അവിടുന്ന് അരുളിച്ചെയ്ത ഈ വാക്കുകൾ ഓർക്കണമേ. ‘അവിശ്വസ്തത കാട്ടിയാൽ ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിക്കും. എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞ് എന്‍റെ കല്പനകൾ പാലിക്കുകയും അവ അനുസരിക്കുകയും ചെയ്താൽ നിങ്ങൾ ആകാശത്തിന്‍റെ അറുതികൾവരെ ചിതറപ്പെട്ടാലും ഞാൻ അവിടെനിന്നു നിങ്ങളെ കൂട്ടിച്ചേർക്കുകയും എന്‍റെ വാസസ്ഥലമായി ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വരികയും ചെയ്യും”.
ദൈവം ശരിയായ വ്യക്തിയെ ശരിയായ സമയത്ത് ഉപയോഗിക്കുന്നു. തക്കസമയത്ത് യെരൂശലേമിന്‍റെ മതിലുകൾ പണിയാൻ ദൈവം നെഹെമ്യാവിനെ തിരഞ്ഞെടുത്തു. അദ്ദേഹം ഒരു പുരോഹിതനോ പ്രവാചകനോ ആയിരുന്നില്ല. എന്നാൽ പേർഷ്യൻ രാജാവിന്‍റെ പാനപാത്രവാഹകനെന്ന നിലയിൽ അദ്ദേഹം ഒരു ലൗകിക സ്ഥാനത്തായിരുന്നു. ദൈവം അവനെ ഒരു വലിയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയായിരുന്നു. ദൈവം ശരിയായ വ്യക്തിയെ ശരിയായ സമയത്ത് ഉപയോഗിക്കുന്നു. പാനപാത്രവാഹകനെന്ന നിലയിൽ അദ്ദേഹത്തിന് കൊട്ടാരത്തിൽ ധാരാളം പദവികൾ ഉണ്ടായിരുന്നു. വിശ്വസ്തനായ വ്യക്തിയായിരുന്നു അദ്ദേഹം. രാജാവിന് വീഞ്ഞ് നൽകുന്നതിന് മുമ്പ് അത് ആദ്യമായി അത് രുചിച്ചു നോക്കുന്നത് അദ്ദേഹമായിരുന്നു. രാജാവിനുശേഷം ഉള്ള സ്ഥാനത്തു രണ്ടാമനായിരുന്നു. രാജാവിന്‍റെ ഉപദേശകരിൽ ഒരാളായിരുന്നു അദ്ദേഹം. തന്‍റെ ജനത്തെ ആശ്വസിപ്പിക്കാൻ ദൈവം അത്തരമൊരു പ്രധാന വ്യക്തിയെ ഉപയോഗിക്കുന്നു. നെഹെമ്യാവ് എന്ന പേരിന്‍റെ അർത്ഥം “ദൈവം ആശ്വസിപ്പിക്കുന്നു” എന്നാണ്. നിങ്ങൾ ഒരു നല്ല ലൗകിക ജോലിയിലായിരിക്കാം എന്നാൽ വിഷമവും വൈകാരിക സംഘർഷവും അനുഭവിക്കുന്ന ആളുകളെ ആശ്വസിപ്പിക്കാൻ ദൈവം നിങ്ങളെ ഉപയോഗിക്കുന്നു. ദൈവജനം ബാബിലോണിൽ പ്രവാസത്തിലായിരുന്നു. തന്‍റെ ജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ദൈവം സൈറസ് രാജാവിനെ തിരഞ്ഞെടുത്തു. യെരൂശലേമിലേക്ക് മടങ്ങുക എന്നത് എളുപ്പമുള്ള കാര്യമല്ല. യെരൂശലേം നാശത്തിലാണ്. 70 വർഷത്തെ അടിമത്തത്തിന് ശേഷം ജനം യെരൂശലേമിലേക്ക് മടങ്ങിവരുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഈ ദൈവം വാഗ്ദത്തം നിറവേറ്റുന്ന ദൈവമാണ്. 70 വർഷത്തെ തടവിനുശേഷം ഒരു വിജാതീയനായ രാജാവിലൂടെ ദൈവം തന്‍റെ വാഗ്ദത്തം നിറവേറ്റി. ഒരു വിജാതീയനായ നെബൂഖദ്‌നേസർ എന്ന രാജാവു കാരണം അവർ നാടുകടത്തപ്പെട്ടു. സൈറസ് എന്ന മറ്റൊരു വിജാതീയ രാജാവ് മുഖേനയാണ് ദൈവം അവരെ പ്രവാസത്തിൽ നിന്ന് തിരികെ കൊണ്ടുവന്നത്.
നെഹെമ്യാവ് 1:3 – “അവർ പറഞ്ഞു: പ്രവാസത്തിൽനിന്ന് രക്ഷപെട്ട് അവിടെ അവശേഷിച്ചവർ വലിയ കഷ്ടതയിലും അപമാനത്തിലുമാണു കഴിയുന്നത്. യെരൂശലേമിന്‍റെ മതിൽ ഇടിഞ്ഞും അതിന്‍റെ വാതിലുകൾ അഗ്നിക്കിരയായും കിടക്കുന്നു.”
ശേഷിപ്പുള്ളവർ
ബാബിലോണിലേക്ക് ബന്ദികളാക്കപ്പെട്ട രണ്ടോ മൂന്നോ ദശലക്ഷം ആളുകളിൽ ഏകദേശം അമ്പതിനായിരം പേർ മാത്രമാണ് യെരൂശലേമിലേക്ക് മടങ്ങിയത്. അതായത് ഏകദേശം 2% ആളുകൾ. ബാക്കിയുള്ളവർ അപ്പോഴും ബാബിലോണിലാണ്. അവർ അപ്പോഴും സുഖമായി ജീവിച്ചു. യെരൂശലേമിലേക്ക് മടങ്ങാൻ പോലും ആഗ്രഹിച്ചില്ല. തടവുകാരിൽ ചെറിയൊരു ശതമാനം അല്ലെങ്കിൽ ശേഷിപ്പുള്ളവർ യെരൂശലേമിലേക്ക് മടങ്ങി. നമ്മുടെ ദൈവം ശേഷിക്കുന്നവരെക്കുറിച്ചു ചിന്തയുള്ള ദൈവമാണ്. ശേഷിക്കുന്നവരെ സഹായിക്കാൻ ശരിയായ സമയത്ത് ശരിയായ നേതാവിനെ ദൈവം ഉയർത്തി. തകർന്ന മതിലുകളും കത്തിച്ച നഗരകവാടവും കാരണം ഈ ശേഷിപ്പുള്ളവർ യെരൂശലേമില്‍ കഷ്ടപ്പെടുകയും ദുഷ്‌കരമായ ജീവിതം നയിക്കുകയും ചെയ്യുകയാണ്. അതിനാൽ ശത്രുവിന്‍റെ ആക്രമണങ്ങളിൽ നിന്ന് അവര്‍ക്ക് ഒരു സംരക്ഷണവുമില്ല. അവർ വലിയ വിഷമത്തിലും അപമാനത്തിലും കൂടി ജീവിച്ചു.
പ്രവാസത്തിലുള്ള ആളുകൾക്ക് ഇപ്പോൾ രണ്ട് വഴികളുണ്ട്. ഒന്നുകിൽ യെരൂശലേമിലേക്ക് മടങ്ങുക അല്ലെങ്കിൽ പ്രവാസത്തിൽ തുടരുക എന്നതാണ്. നമ്മളിപ്പോൾ എവിടെയാണ്? പ്രവാസത്തിലെ ആകർഷകമായ നഗരത്തിലോ അതോ വിജനമായ യെരൂശലേം നഗരത്തിലേക്കു താമസിക്കുവാനോ നമുക്ക് ആഗ്രഹമുണ്ടോ? സുഖകരവും ആഡംബരം നിറഞ്ഞതുമായ ജീവിതം ഉപേക്ഷിച്ച് കഷ്ട്ടപ്പാടുകളുള്ള ആ യെരൂശലേമിലേക്ക് മടങ്ങുക എന്നതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.
രൂത്തിന്‍റെ പുസ്തകത്തിൽ ക്ഷാമം മൂലം എലീമേലെക്കും കുടുംബവും യെരൂശലേമിൽ നിന്ന് മോവാബിലേക്ക് പോയി എന്നു നാം കാണുന്നു. യെരൂശലേം എന്നാൽ അപ്പത്തിന്‍റെ നഗരം. അവർ അപ്പം തേടി അപ്പത്തിന്‍റെ നഗരത്തിൽ നിന്ന് മോവാബ് എന്ന ശപിക്കപ്പെട്ട സ്ഥലത്തേക്ക് പോകുന്നു. വ്യക്തിപരമായ നഷ്ടത്തിന് ശേഷം അവർ അത് മനസ്സിലാക്കുമ്പോൾ തിരികെ യെരൂശലേമിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു.
നെഹെമ്യാവ് 1:4 – “ഇതു കേട്ടപ്പോൾ ഞാൻ നിലത്തിരുന്നു കരഞ്ഞു ദിവസങ്ങളോളം വിലപിച്ച് ഉപവസിച്ചു. സ്വർഗ്ഗസ്ഥനായ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു”
കരുണയുള്ള ഹൃദയം
ഒരു കൊട്ടാരത്തിൽ നല്ല ജീവിതം നയിച്ചിരുന്ന നെഹമ്യാവ്, തന്‍റെ ജനം ഒരു ശൂന്യമായ അവസ്ഥയിൽ ജീവിക്കുന്നതിനെക്കുറിച്ച് കേട്ടപ്പോൾ അത് അവനെ കരയിച്ചു.നെഹെമ്യാവിനു തന്‍റെ ദേശത്തെക്കുറിച്ച് ഉത്കണ്ഠയും ഭാരവും ഉണ്ടായിരുന്നു. തന്‍റെ ജനത്തെ സഹായിക്കാൻ വേണ്ടി അവരുടെ ഹൃദയങ്ങളിൽ ആശ്വാസം നല്‍കാനും ഭാരമുള്ള വ്യക്തിയായി ദൈവം നെഹെമ്യാവിനെ ഉപയോഗിക്കുന്നു.നെഹെമ്യാവിനു അനുകമ്പയുള്ള ഒരു ഹൃദയമുണ്ടായിരുന്നു. അനുകമ്പ എന്നത് സഹതാപമല്ല. കഷ്ടപ്പെടുന്നതും, വിശക്കുന്നതും,നഷ്ടപ്പെട്ടവരുമായ ആളുകളെ കണ്ട യേശുവും അനുകമ്പയുള്ളവനായിരുന്നു. നെഹെമ്യാവ് അനുകമ്പയുള്ള ഒരു മനുഷ്യനായിരുന്നു. എബ്രായഭാഷയിൽ “റഹാം” എന്ന വാക്ക് ഉണ്ട്. അതിന്‍റെ അര്‍ത്ഥം “ഒരു സ്ത്രീയുടെ ഗർഭപാത്രം” എന്നാണ്. ഒരു സ്ത്രീയിലെ കുഞ്ഞിനെക്കുറിച്ച് ആ അമ്മ ഒരിക്കലും പരാതിപ്പെടുന്നില്ല. അവൾ ആ കുട്ടിയെ ഉൾക്കൊള്ളുന്നു എന്നതുകൊണ്ടാണ്. അനുകമ്പ ഒരു ജാതിക്കും മതത്തിനും പക്ഷപാതപരമല്ല. അത് എല്ലാവരേയും ഉൾക്കൊള്ളുന്നു. “ദൈവമേ, കരുണയുള്ള ഒരു ഹൃദയം എനിക്ക് തരേണമേ” എന്ന് നമുക്ക് പ്രാർത്ഥിക്കാം.
പ്രാർത്ഥന എല്ലാം മാറ്റിമറിക്കുന്നു
നെഹെമ്യാവ് അവിടെ രാജാവിനോട് ആലോചിക്കാൻ തിടുക്കം കൂട്ടുന്നില്ല, പക്ഷേ അവൻ “രാജാക്കന്മാരുടെ രാജാവിനോട്” ആലോചിക്കുന്നുണ്ട്. യെഹെസ്‌കേലിന്‍റെ ചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. അവൻ മതിലുകൾ പണിയാൻ ശ്രമിച്ചപ്പോൾ ശത്രുക്കൾ അത് മനഃപൂർവം പരാജയപ്പെടുത്തി. യെരൂശലേമിന്‍റെ മതിൽ പണിയുന്നത് രാജാവിന്‍റെ സ്വാധീനത്താൽ സാധ്യമല്ല എന്നും മറിച്ച് സർവ്വശക്തനായ ദൈവത്താൽ മാത്രമേ അത് സാധ്യമാകൂ എന്നും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ദൈവം വാതിൽ തുറന്നാൽ ആർക്കും അടക്കാനാവില്ല.
നെഹെമ്യാവ് 1:1-ലും,2:1-ലും നാം കാണുന്നു, ചിസ്ലേവ് മാസം മുതൽ നീസാൻ മാസം വരെ അതായത് 4 മാസം, നെഹെമ്യാവ് യെരൂശലേമിന്‍റെ മതിലുകൾ പണിയാൻ ഇസ്രായേലിലേക്ക് പോകാനുള്ള അനുമതിക്കായി ദൈവത്തോട് ആലോചിച്ച് പ്രാർത്ഥിച്ചു എന്ന്‍. ദൈവസന്നിധിയിൽ കാത്തിരിക്കുന്നവർക്ക് വേണ്ടി തകർന്ന മതിലുകൾ പണിയാനുള്ള ശക്തി ദൈവം പകരും.
ടി എൽ ഓസ്ബോൺ എന്ന അമേരിക്കൻ ടെലിവാഞ്ചലിസ്റ്റിനോടു ദൈവം ഒരു വർഷത്തേക്ക് ഒരു ദിവസം 23 മണിക്കൂർ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഒരു വർഷത്തിനുശേഷം സുവിശേഷകനായ ബില്ലി ഗ്രഹാം അദ്ദേഹത്തെ ഒരു സുവിശേഷയോഗത്തിലേക്കു ക്ഷണിച്ചു. “ഇതാ, ദൈവസന്നിധിയിൽ 1 വർഷം ചെലവഴിച്ച ഒരു മനുഷ്യൻ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അദ്ദേഹം ജനക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ പല അത്ഭുതങ്ങൾ സംഭവിച്ചു. ആളുകൾ സൗഖ്യം പ്രാപിക്കുകയും ചെയ്തു.
ഉടമ്പടി പാലിക്കുന്ന ദൈവം
നെഹെമ്യാവ് 1:5 – “സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവമായ സർവേശ്വരാ, അങ്ങയെ സ്നേഹിച്ചു അവിടുത്തെ കല്പനകൾ അനുസരിക്കുന്നവരോട് ഉടമ്പടി പാലിക്കുകയും സുസ്ഥിരസ്നേഹം കാട്ടുകയും ചെയ്യുന്ന ഉന്നതനും ഉഗ്രപ്രഭാവവാനുമായ ദൈവമേ, അവിടുത്തോടു ഞാൻ യാചിക്കുന്നു”.
നെഹെമ്യാവിനു ദൈവത്തെക്കുറിച്ചുള്ള ഗ്രാഹ്യം വളരെ വ്യക്തമായിരുന്നു. നമ്മുടെ ദൈവം ഭയങ്കരനും മഹാനുമാണ്. തന്‍റെ കൽപ്പനകൾ പാലിക്കുന്നവരോട് ഒരു ഉടമ്പടി പാലിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം.
യെശയ്യാവ് 45:1,2 – “സർവേശ്വരൻ തന്‍റെ അഭിഷിക്തനായ സൈറസിനോട് അരുളിച്ചെയ്യുന്നു: “ജനതകളെ കീഴടക്കാനും രാജാക്കന്മാരുടെ അരപ്പട്ട അഴിപ്പിക്കാനും ഞാൻ നിന്‍റെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്‍റെ മുമ്പിൽ വാതിൽ തുറന്നിടും. കവാടങ്ങൾ അടയ്‍ക്കപ്പെടുകയില്ല”. “ഞാൻ നിന്‍റെ മുമ്പിൽ നടക്കുകയും മലകളെ തട്ടി നിരപ്പാക്കുകയും ചെയ്യും. ഓട്ടുവാതിലുകൾ ഞാൻ തകർക്കും. ഇരുമ്പു സാക്ഷകൾ മുറിച്ചുമാറ്റും. ഇരുളിലെ നിധികൾ, രഹസ്യനിക്ഷേപങ്ങൾ ഞാൻ നിനക്കു തരും”. ബാബിലോണിയൻ സാമ്രാജ്യം വളരെ ശക്തമായിരുന്നുവെങ്കിലും ഈ സാമ്രാജ്യത്തിലേക്ക് കടന്നുകയറാനും തന്‍റെ ജനത്തെ അടിമത്തത്തിൽ നിന്ന് പുറത്തുകൊണ്ടുവരാനും ദൈവം ഈ വിജാതീയ രാജാവായ സൈറസിനെ ഉപയോഗിച്ചു. അതിന്‍റെ കാരണം നമ്മുടെ ദൈവം ഉടമ്പടി പാലിക്കുന്ന ദൈവമാണ്.