ചിന്തയ്ക്കായുള്ള വേദഭാഗം: മത്തായി 9:35-38
“യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു. അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്‍റെ ശിഷ്യന്മാരോടു: “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്‍റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ” എന്നു പറഞ്ഞു”.
യേശു ജനക്കൂട്ടത്തെ കണ്ടു. ജനങ്ങളുടെ ആവശ്യം അറിഞ്ഞ തനിക്കു അവരോട് അനുകമ്പ തോന്നി. ചെയ്യേണ്ട ജോലികൾ എന്തൊക്കെയാണോ അത് യേശു കണ്ടു. ഒരു സമൃദ്ധമായ വിളവെടുപ്പ് യേശു അവിടെ കണ്ടു. അവർ പല പട്ടണങ്ങളിലും മറ്റിടങ്ങളിലും ചിതറിക്കിടക്കുന്നത് കണ്ടു. രോഗികൾ സുഖം പ്രാപിക്കേണ്ടതുണ്ട് പക്ഷേ, തനിക്ക് ശാരീരികമായി എല്ലായിടത്തും എത്തുവാനായി കഴിഞ്ഞിരുന്നില്ല.
“ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആട് ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല”.
മത്തായി 18:10-14
ദുരിതമനുഭവിക്കുന്നവരെ നാം നിന്ദിക്കരുതെന്ന് യേശു പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ചെറിയവരെ, ദരിദ്രരെ, നഷ്ടപ്പെട്ടവരെ കുറിച്ചാണ് യേശു ഉദ്ദേശിച്ചത്. അവർക്കായി നിയോഗിക്കപ്പെട്ട മാലാഖമാർ സ്വർഗ്ഗത്തിലുണ്ടെന്ന് യേശു പറഞ്ഞു. കാണാതെപോയ ആടുകളുടെ ഉപമയുമായി കര്‍ത്താവ് അവരെ താരതമ്യം ചെയ്യുന്നു. ഒരു ആട് ആട്ടിൻകൂട്ടത്തിൽ നിന്ന് അകന്നുപോയാലോ നഷ്ടപ്പെട്ടാലോ അതിന്‍റെ ഇടയൻ ബാക്കിയുള്ള 99 ആടുകളെ സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തിയിട്ടു കാണാതെപോയ ആ ആടിനെ അന്വേഷിച്ചു പോകുമെന്നാണ് യേശു പറയുന്നത്. അതുപോലെ ഭൂമിയിലെ ഏറ്റവും ചെറിയവരിലും ചെറിയതായ ഒരാളെപ്പോലും പരിചരിക്കാൻ യേശു വരും എന്നു പറയുന്നു.
“യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു”.
2 ദിനവൃത്താന്തം 16:9
കർത്താവിന്‍റെ ഹൃദയവും കണ്ണുകളും എപ്പോഴും ആവശ്യത്തിലിരിക്കുന്നവനെ നോക്കുന്നു.
“അതിന്‍റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി. യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്‍റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു. (അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും) എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു. രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: “എഴുന്നേറ്റു നിന്‍റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു”.
യോഹന്നാന്‍ 5:1-9
യെരൂശലേമിൽ ആടുകള്‍ക്ക് വേണ്ടിയുള്ള വാതിലിന്നരികെ ഒരു കുളം ഉണ്ടായിരുന്നു. ചന്തയിൽ നിന്ന് ബലിയർപ്പിക്കാൻ കൊണ്ടുവന്ന ആടുകളുടെ പ്രവേശന കവാടമായിരുന്നു അത്. അവിടെ ആയിരുന്നു ആ കുളം. അവർ ആടുകളെ പോലും ആ കുളത്തിൽ കഴുകിയിരുന്നു. എങ്കിലും പിന്നീടത് ‘കരുണയുടെ ഭവനം’ അല്ലെങ്കിൽ കൃപയുടെ ഭവനം’ എന്നർത്ഥം വരുന്ന ബേഥെസ്ദാ എന്ന് വിളിക്കപ്പെട്ടു. ദൈവദൂതൻ ഇറങ്ങി വന്ന് കുളത്തിലെ വെള്ളം കലക്കിയാൽ ആദ്യം ആ കുളത്തിലെ വെള്ളത്തിൽ ഇറങ്ങുന്നയാൾ എല്ലാ രോഗങ്ങളിൽ നിന്നും സൗഖ്യമാക്കപ്പെടുമെന്ന് വിശ്വസിക്കപ്പെട്ടു. അതുകൊണ്ട് ദൈവം അയയ്‌ക്കുന്ന ദൂതൻ വെള്ളം ഇളക്കിവിടുന്നത് കാത്ത് അവരിൽ വലിയൊരു വിഭാഗം കുളത്തിന്നരികെ ഉണ്ടായിരുന്നു. അവർ രോഗികളും വൈകല്യമുള്ളവരും മാത്രമല്ല ദരിദ്രരുമായിരുന്നു. അതു കൂടാതെ ഒരു വൈദ്യനെ സമീപിക്കാൻ പോലും അവര്‍ക്കാവില്ലായിരുന്നു.
ഇവിടെ ചോദിക്കേണ്ട ചോദ്യം, ‘വെള്ളം ഇളക്കിവിടാൻ ദൈവം എന്തിനാണ് ഒരു ദൂതനെ അയച്ചത്?’ എന്നാണ്.
പുരോഹിതന്മാരും, ആലയപരിചാരകരും, പള്ളിപ്പ്രമാണിമാരും, അധ്യാപകരും, കഴിവുള്ള മറ്റ് പുരുഷന്മാരും ആടുകളുടെ കവാടത്തിനു ചുറ്റും ഉണ്ടായിരുന്നു. അവർ ദൈവവുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെട്ടു എങ്കിലും അവർക്ക് ബേഥെസ്ദായിലെ വെള്ളത്തിലൂടെ ആരേയും സുഖപ്പെടുത്താൻ കഴിഞ്ഞില്ല. അവരിൽ ആരെങ്കിലും വെള്ളം ഇളക്കിയപ്പോൾ അത് ഇളകി എങ്കിലും രോഗശാന്തിയുടെ ശക്തി അതിന്മേൽ വന്നില്ല. വെള്ളത്തെ ഇളക്കിവിട്ട് സൗഖ്യം നല്‍കാനായി ദൈവത്തിനു ഒരു ദൂതനെ അയയ്‌ക്കേണ്ടിവന്നു. ഉന്നതരും ശക്തരുമായ ആർക്കും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നതാണ് ലളിതമായ ഉത്തരം. അതിനു കാരണം അവര്‍ക്കു രോഗവും വൈകല്യവും ഉള്ളതുകൊണ്ട് മാത്രമല്ല അതേ സമൂഹം തന്നെ അവരെ നിന്ദിക്കുകയും തള്ളിക്കളയുകയും ചെയ്തിരുന്നതിനാലുമാണ്. രോഗബാധിതരിൽ ഒരാൾ പോലും സഭയുടെ ഈ നേതാക്കന്മാരെ സമീപിച്ചില്ല കാരണം അവർക്ക് സുഖപ്പെടുത്താൻ കഴിയില്ലെന്ന് അവർക്കറിയാമായിരുന്നു. സഭ രോഗശാന്തി നിർത്തിയാൽ ദരിദ്രരും അശക്തരും പിന്തുണയ്‌ക്കായി എവിടെ പോകും? നമ്മുടെ ഉത്തരവാദിത്തം നാം തിരിച്ചറിയണം.
“മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു”.
യോഹന്നാന്‍ 10:10
കൊല്ലാനും നശിപ്പിക്കാനും മോഷ്ടിക്കാനുമാണ് പിശാച് വരുന്നത്. അവൻ പൂർണ്ണമായും മോഷ്ടിക്കുകയോ അഴിമതി ചെയ്യുകയോ ചെയ്യുന്നില്ല. അവൻ ക്രമേണ അഴിമതി ചെയ്യുന്നു. ആദ്യം അവൻ നമ്മുടെ ജീവിതത്തിന്‍റെ ഭാഗത്തെ ചെറിയ രീതിയിൽ ആക്രമിക്കുന്നു. അതുകൊണ്ടാണ് നമുക്ക് പനി, ജലദോഷം, ചുമ, മറ്റ് അസുഖങ്ങൾ, രോഗങ്ങൾ എന്നിവ ചെറുതായി ഉണ്ടാകുന്നത്. നമ്മുടെ പ്രധാന ലക്ഷ്യത്തിൽ നിന്ന് നമ്മെ അകറ്റി നിർത്താൻ ചെറിയ ഇടവേളകളിൽ രോഗങ്ങളും അസ്വസ്ഥതകളും കൊണ്ട് അവൻ നമ്മെ തളച്ചിടുന്നു. പിശാച് അങ്ങനെയാണ് പ്രവർത്തിക്കുന്നത്. അവൻ നമ്മുടെ ഊർജ്ജവും കാര്യക്ഷമതയും പണവുമൊക്കെ കുറച്ചു കുറച്ചായി മോഷ്ടിച്ചു തുടങ്ങുന്നു. എന്നാൽ നമുക്ക് നമ്മുടെ ആരോഗ്യം വീണ്ടെടുക്കാനും സൗഖ്യം നൽകാനും നമ്മെ പൂർണ്ണതയിലേക്ക് തിരികെ കൊണ്ടുവരാനും നമ്മുടെ ദൈവം ആഗ്രഹിക്കുന്നു. നാം വായിക്കുന്ന വാക്യത്തിലെന്നപോലെ നമുക്ക് എല്ലാം പൂർണ്ണമായി ലഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
“ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
ലൂക്കോസ് 13:10-17
അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രിയേ, നിന്‍റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവെച്ചു.
അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതു കൊണ്ടു പള്ളി പ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‍വാൻ ആറുദിവസമുണ്ടല്ലോ; ;അതിന്നകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു.
കർത്താവു അവനോടു: “കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്‍റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ അവന്‍റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു”.
അന്നൊക്കെ സമൂഹത്തിൽ നേതാക്കൾ അടിച്ചേൽപ്പിക്കുന്ന പല നിയന്ത്രണങ്ങളും നിരോധനങ്ങളും ഉണ്ടായിരുന്നു. ശബത്ത് അത്തരത്തിലുള്ള ഒന്നായിരുന്നു. ശബത്തിൽ എല്ലാ കാര്യങ്ങളും നിയന്ത്രണങ്ങളോടെ ചെയ്യണമെന്നു നിയമജ്ഞർക്കു ചട്ടങ്ങൾ ഉണ്ടായിരുന്നു. ഒരു ശബ്ബത്തിൽ നട്ടെല്ല് വളഞ്ഞ വൈകല്യമുള്ള സ്ത്രീയെ യേശു സുഖപ്പെടുത്തിയപ്പോൾ പള്ളിയിലെ നേതാക്കന്മാരും നിയമജ്ഞരും രോഷാകുലരായി. അതുകൊണ്ടാണ് യേശു സ്ത്രീയെ അബ്രഹാമിന്‍റെ മകൾ എന്ന് വിശേഷിപ്പിച്ചത്. അവർ അന്വേഷിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം ‘വിശ്വാസത്തിന്‍റെ പിതാവ്’ എന്നു ഉദ്ധരിക്കുക എന്നതാണ് എന്ന് യേശുവിനു അറിയാമായിരുന്നു.
പരിഗണിക്കുക…
യേശു ഇന്ന് വരുകയാണെങ്കിൽ എന്തായിരിക്കും അന്വേഷിക്കുക? യേശു ഇവിടെയുള്ള മനോഹരമായ വസ്തുക്കളെയും ആളുകളെയും നോക്കുമോ അതോ കടുത്ത ആത്മീയവും ശാരീരികവുമായ ആവശ്യങ്ങളിലുള്ളവരെ അന്വേഷിക്കുമോ? നിങ്ങളുടെ ശരീരം, നിങ്ങളുടെ ആത്മാവ്, നിങ്ങളുടെ വികാരങ്ങൾ മുതലായവയിൽ നിങ്ങൾ രോഗിയായിരിക്കാം എങ്കിലും അതെ, യേശു നമ്മിലുള്ള ഈ പ്രശ്നങ്ങൾ പരിഹരിക്കും. യേശു നമ്മെ മറന്നിട്ടില്ല. ആ വിശ്വാസത്തിന്‍റെ തീപ്പൊരി നമ്മിൽ ഉണ്ടാകട്ടെ.
“എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു. രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: “എഴുന്നേറ്റു നിന്‍റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു. എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു”.
യോഹന്നാന്‍ 5:5-10
38 വർഷം ആ മനുഷ്യനു നഷ്ട്ടമായി. അത് ഒരു നീണ്ട കാലയളവാണ്. കുളക്കരയിലുള്ള മനുഷ്യനോട് ചോദിച്ചതുപോലെ നമ്മുടെ വൈകല്യങ്ങൾ സുഖപ്പെടണമോ എന്നു യേശു നമ്മോട് ചോദിച്ചാൽ അതും 38 വർഷം കൊണ്ട് നാം ആ വൈകല്യം സഹിക്കുന്നവരാണെങ്കിലോ നമ്മുടെ പ്രതികരണം എന്തായിരിക്കും? നാം ഇത്ര ആവേശം കാണിക്കുമായിരുന്നോ? ഇത്രയും കാലം കഴിഞ്ഞു ഇനി എന്തിനാണ് രോഗശാന്തിയുടെ ആവശ്യം എന്നു നമ്മിൽ പലരും പറയുമായിരിക്കും. നാം രോഗത്തോടും നിസ്സഹായാവസ്ഥയോടും പൊരുത്തപ്പെടുകയും പരാതികളോടെയോ അല്ലാതെയോ എല്ലാ വൈകല്യങ്ങളും വഹിക്കുകയും ചെയ്യുമായിരിക്കും. അപ്പോഴും നാം ബേഥെസ്ദാ കുളത്തിനരികിൽ ഉണ്ടായിരുന്ന ആ വ്യക്തിയെ പോലെ ആവുകയില്ല. യേശു അവന്‍റെ വിശ്വാസം കണ്ട് “എഴുന്നേൽക്കൂ” എന്ന് പറഞ്ഞു. ഉടനെ അവൻ തന്‍റെ പായ എടുത്തു നടന്നു. ആ മനുഷ്യൻ അപ്പോഴും പായ സൂക്ഷിച്ചു. അയാൾക്ക് തന്‍റെ പായയെ കുറിച്ചു നല്ല ബോദ്ധ്യമുണ്ടായിരുന്നു. ആ വ്യക്തി 38 വര്‍ഷങ്ങള്‍കൊണ്ട് ആ പായ സൂക്ഷിക്കുന്നുണ്ടായിരുന്നു.അതു തന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറി എന്നു ചിന്തിച്ചു. എന്നാൽ യേശു നമ്മെ എല്ലാറ്റില്‍നിന്നും വിടുവിച്ച് എല്ലാ തടസ്സങ്ങളെയും സ്വതന്ത്രമാക്കുന്നു. അതുകൊണ്ട് നാം നമ്മുടെ കഴിഞ്ഞകാലത്ത് ഉണ്ടായതും ഉള്ളതുമായ എല്ലാം വിട്ടു കളയുക. നാം പായ ഉപേക്ഷിച്ച് മുന്നോട്ട് പോകണം. യേശു അവനോട് ചോദിച്ചു, ഉടനെ അവൻ സൗഖ്യമാവുകയും ചെയ്തു. ആ ഒരു മനുഷ്യനുവേണ്ടി മാത്രമാണ് യേശു ബേഥെസ്ദാ കുളത്തിന്‍റെ അരികെ പോയത്. ആ ഒരൊറ്റ ആത്മാവിനോട് യേശു കരുണയുള്ളവനായിരുന്നു. യേശു നമ്മെ കരുതുന്നു, നമ്മെ സുഖപ്പെടുത്തുന്നു.യേശു നമ്മെ സൗഖ്യമാക്കും.യേശുവിന് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല.
“നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്‍റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്‍റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു”.
1 പത്രോസ് 2:24
യേശു സ്വയം നമ്മുടെ പാപങ്ങൾ വഹിച്ചു. ‘സ്വയം’ എന്നത് ശ്രദ്ധേയവും ശക്തവുമായ പദമാണ്. തന്‍റെ മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചു. യേശു ഇതിനകം നമ്മുടെ പാപങ്ങൾ വഹിച്ചു എങ്കിൽ നാം ഇപ്പോഴും ഭൂതകാലത്തെക്കുറിച്ച് ആകുലരാകുന്നത് എന്തുകൊണ്ട്?
“മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും”.
യെശയ്യാവ് 43:18,19
ഭൂതകാലത്തെയും മുൻപുണ്ടായ കാര്യങ്ങളെയും മറക്കുവാന്‍ പ്രയാസമാണ്. നമുക്ക് യേശുവിനെ അനുഗമിക്കാം. പഴയ കാര്യങ്ങൾ മറന്ന് ഒരു പുതിയ ദിവസത്തെയും ഭാവിയെയും പ്രതീക്ഷിച്ചു നമുക്ക് മുന്നോട്ട് പോകാം. നാം കൊണ്ടുവന്ന ചുമടുകളെ മറന്നേക്കൂ. ദൈവം ഒരു പുതിയ കാര്യം ചെയ്യുന്നു. ദൈവം മരുഭൂമിയിൽ ഒരു വഴിയും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കുന്നു. പുതുവർഷത്തിൽ നമുക്ക് പുതിയ കാര്യങ്ങൾ ചെയ്യാം.
“യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും”.
യെശയ്യാവ് 61:2,3
തന്‍റെ നീതിയുടെ പ്രദർശനത്തിനായി കര്‍ത്താവ് നീതിയുടെ കരുവേലകങ്ങൾ നടുന്നു. കര്‍ത്താവ് തന്‍റെ മഹത്വം പുനഃസ്ഥാപിക്കും. നമുക്കുള്ള രോഗശാന്തിയിൽക്കൂടി കര്‍ത്താവ് അതു ചെയ്യും. സഭ ബേഥെസ്ദാ ആയി മാറണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവിടെ നിസ്സഹായർ സൗഖ്യം പ്രാപിക്കും. ആമേൻ.