അന്ത്യകാല അനുസരണം: കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക

Sam T Varghese

31 January, 2023

Transcript of this message is also available in Tamil

ലോകാവസാന  സമയ  പരമ്പരഭാഗം 1 – ജാഗ്രത പുലർത്തുക, ഉണരുക, ആത്മീയമായി വിവേചിച്ചറിയുക.

(സന്ദേശം: പാസ്റ്റർ സാം വര്‍ഗ്ഗീസ്)

അന്ത്യകാലത്തെക്കുറിച്ച്  നാം  അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? യേശു തന്‍റെ  വചനത്തിൽ  പഠിപ്പിക്കുകയും  മുന്നറിയിപ്പ്  നൽകുകയും  ചെയ്തതിനെ നമുക്കും ഒന്നു  നോക്കാം. ആളുകൾക്ക് എല്ലായ്‌പ്പോഴും  അന്ത്യകാലത്തെക്കുറിച്ച് അറിയുവാനായി  താൽപ്പര്യമുണ്ടായിരുന്നു. യേശുവിന്‍റെ  ശിഷ്യന്മാർക്കും  അന്ത്യസമയത്തെക്കുറിച്ചും  യേശുവിന്‍റെ രണ്ടാം വരവിനെക്കുറിച്ചും ഒരു ചോദ്യം ഉണ്ടായിരുന്നു.

അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ സ്വകാര്യമായി അവന്‍റെ അടുക്കൽ വന്നു: ഇതു എപ്പോൾ സംഭവിക്കും എന്നു ഞങ്ങളോടു പറക? നിന്‍റെ വരവിന്‍റെയും  ലോകാവസാനത്തിന്‍റെയും  അടയാളം എന്തായിരിക്കും?

മത്തായി 24:3

യേശു  രണ്ടാം  പ്രാവശ്യം  ഭൂമിയിൽ  മടങ്ങിയെത്തുമ്പോഴുള്ള അടയാളങ്ങളെക്കുറിച്ച്  ശിഷ്യന്മാർക്ക്  വളരെ  ആകാംക്ഷയുണ്ടായിരുന്നു. അവൻ  വരുന്ന  സമയത്തെക്കുറിച്ചല്ല, അവന്‍റെ  വരവിന്‍റെ അടയാളങ്ങളെക്കുറിച്ചാണ്  അവർ  ചോദിച്ചത്. യേശു  അവയ്‌ക്ക്  ഉത്തരം നൽകുകയും  ഇനിപ്പറയുന്ന  ഏതാനും  വചനങ്ങളിൽ  ഇത്  മനസ്സിലാക്കാൻ ചില  പ്രധാന  മുൻകരുതൽ  തത്വങ്ങൾ  നൽകുകയും  ചെയ്യുന്നു.

ആരും നിങ്ങളെ വഞ്ചിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക

മത്തായി  24:4- യേശു അവരോടു ഉത്തരം പറഞ്ഞു: ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

വഞ്ചനക്കെതിരെ  ജാഗ്രത  പാലിക്കാൻ  യേശു  ശിഷ്യന്മാർക്ക്  മുന്നറിയിപ്പ് നൽകുന്നു.  ഈ  മുന്നറിയിപ്പ്  സുവിശേഷങ്ങളിൽ  ഉടനീളം  പ്രതിധ്വനിക്കുന്നു.

മർക്കോസ്  13:5- യേശു അവരോടു ഉത്തരം പറഞ്ഞുതുടങ്ങി: ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

ലൂക്കോസ്  21:8- അതിന്നു അവൻ: നിങ്ങൾ വഞ്ചിക്കപ്പെടാതിരിപ്പാൻ  സൂക്ഷിച്ചുകൊൾവിൻ ; ഞാൻ  ക്രിസ്തു  എന്നു  പറഞ്ഞു  അനേകർ എന്‍റെ നാമത്തിൽ വരും; സമയം അടുത്തിരിക്കുന്നു; നിങ്ങൾ  അവരുടെ  പിന്നാലെ  പോകരുതു.

രക്ഷകനെന്ന് അവകാശപ്പെട്ട് വരുന്ന പലരെയും കുറിച്ച് ഇങ്ങനെ യേശു തന്‍റെ  ശിഷ്യന്മാർക്ക്  മുന്നറിയിപ്പ്  നൽകുന്നു.

ആട്ടിൻവേഷത്തിൽ  ചെന്നായ്ക്കളെപ്പോലെയുള്ള  കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക

മത്തായി  7: 15-24- കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആട്ടിൻവേഷം ധരിച്ച് നിങ്ങളുടെ അടുക്കൽ വരുന്നു; അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും. മനുഷ്യർ മുള്ളിൽനിന്നുള്ള മുന്തിരിപ്പഴമോ മുൾച്ചെടിയുടെ അത്തിപ്പഴമോ പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായിക്കുന്നു; കേടായ വൃക്ഷമോ ചീത്ത ഫലം പുറപ്പെടുവിക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലം പുറപ്പെടുവിക്കാൻ കഴിയില്ല, ചീത്ത വൃക്ഷത്തിന് നല്ല ഫലം പുറപ്പെടുവിക്കാൻ കഴിയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും. എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തിൽ കടക്കുന്നത്‌. അന്നു പലരും എന്നോടു: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്‍റെ നാമത്തിൽ പ്രവചിക്കുകയും നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും  നിന്‍റെ നാമത്തിൽ പല വീര്യപ്രവൃത്തികളും ചെയ്തിട്ടില്ലയോ എന്നു പറയും. അന്നു ഞാൻ അവരോട് പറയും, ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല: അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീര്‍ത്തുപറയും. ആകയാൽ, എന്‍റെ ഈ വചനങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവനെ ഞാൻ പാറമേൽ വീടു പണിത ഒരു ബുദ്ധിയുള്ള മനുഷ്യനോടു ഉപമിക്കുന്നു.

നമ്മൾ കാണുന്നതുപോലെ, സുവിശേഷത്തിൽ കള്ളപ്രവാചകന്മാരെ സൂക്ഷിക്കാൻ യേശു നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവാചകന്മാർക്ക് വേണ്ടി ദൈവത്തിന് നന്ദി പറയുക, എന്നാൽ കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക! ദൈവത്തിന്‍റെ യഥാർത്ഥ പ്രവാചകന്മാരെ തിരിച്ചറിയാനുള്ള വഴി അവർ ചെയ്യുന്ന അത്ഭുതങ്ങൾ കൊണ്ടല്ല മറിച്ച് അവരുടെ ജീവിതത്തിൽ അവര്‍ക്കുള്ള ഫലങ്ങളാലാണ്. നിങ്ങൾ വിവിധ തലങ്ങളിൽ ദൈവത്തെ സേവിക്കുന്നുണ്ടാകാം  എന്നാൽ നിങ്ങളിലുള്ള ഫലം കൊണ്ട് മാത്രമേ നിങ്ങൾ അറിയപ്പെടുകയുള്ളൂ. ഉദാഹരണത്തിന്, നിങ്ങൾ ഒരു നല്ല പ്രസംഗകനായിരിക്കാം. എന്നാൽ നിങ്ങള്‍ക്കുള്ളിലുള്ളത് മാത്രമാണ് നിങ്ങളുടെ ഫലം. ഫലം കായ്ക്കുന്ന വൃക്ഷത്തിന്‍റെ ഈ ഉപമയിലൂടെ നല്ല ഫലം കായ്ക്കാത്ത എല്ലാ വൃക്ഷങ്ങളും വെട്ടി തീയിൽ എറിയുമെന്ന് യേശു നന്നായി വ്യക്തമാക്കുന്നു. അതിനാൽ  അവയുടെ ഫലത്താൽ മാത്രമേ നിങ്ങൾ അവരെ തിരിച്ചറിയുകയുള്ളൂ. പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവർ മാത്രമേ ദൈവരാജ്യത്തിൽ പ്രവേശിക്കുകയുള്ളൂ. അതുകൊണ്ട് നാം ഭൂതങ്ങളെ പുറത്താക്കിയാലും, മറ്റുള്ളവരെ ശുശ്രൂഷിച്ചാലും, യേശുവിന്‍റെ നാമത്തിൽ പ്രവചിച്ചാലും, മറ്റു കാര്യങ്ങൾ ചെയ്താലും അവൻ നമ്മെ ഒരിക്കലും അറിഞ്ഞിട്ടില്ലെന്ന് അവൻ പറയും. നാം ശ്രദ്ധാലുക്കളായിരിക്കുകയും നമ്മുടെ സ്വന്തം ജീവിതം പരിശോധിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുന്നത് മാത്രം ചെയ്യുന്നതിലൂടെയും നാം നല്ല ഫലം പുറപ്പെടുവിക്കുന്നുവെന്ന് കാണുവാനാകും.

വ്യാജ മിശിഹാകളെക്കുറിച്ചുള്ള  വിവരങ്ങള്‍ വിശ്വസിക്കരുത്.

മത്തായി  24:23-26- അപ്പോൾ ആരെങ്കിലും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കിൽ അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും; സാധ്യമെങ്കിൽ, അവർ വൃതന്മാരെയും വഞ്ചിക്കും. ഓര്‍ത്തുകൊള്‍ക;ഞാന്‍ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അവൻ അറകളിൽ എന്നു പറഞ്ഞാൽ; വിശ്വസിക്കരുത്.

തങ്ങൾ മിശിഹായാണെന്ന് പലരും അവകാശപ്പെടും. ലോകത്ത്, മിശിഹായാണെന്ന് അവകാശപ്പെട്ടവർ പണ്ടും ഉണ്ടായിട്ടുണ്ട്.  ഇത് ഇപ്പോഴും അവകാശപ്പെടുന്ന നിരവധി പേരുണ്ട്.കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇതിന്‍റെ ഉദാഹരണങ്ങളുണ്ട്. ഭാവിയിൽ പലരും തങ്ങൾ മിശിഹായാണെന്ന് പറയും.

തെറ്റായ  അടയാളങ്ങളും  അത്ഭുതങ്ങളും  വിശ്വസിക്കരുത് .

മത്തായി  24:24- കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും; സാധ്യമെങ്കിൽ, അവർ വൃതന്മാരെയും വഞ്ചിക്കും.

വ്യാജ മിശിഹാകളിൽ നിന്നും പ്രവാചകന്മാരിൽ നിന്നും നാം സ്വയം സൂക്ഷിക്കണം. യഥാർത്ഥ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ പോലും തെറ്റായ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യാൻ അവർ വളരെ വിശ്വസ്ത്തരും ശക്തരുമാണെന്ന് തോന്നിയേക്കാം. ഭക്തരും ശക്തരുമായ ഒരുപാടു ദൈവമനുഷ്യർ വീണുപോയിട്ടുണ്ട്. അവരുടെ അസ്ഥികൂടങ്ങളിൽക്കൂടി നാം ഓടുകയാണ് എന്നതും നാം ഓർക്കേണ്ടതുണ്ട്. ഞാൻ ഈ വചനം ഗൗരവമായി എടുക്കുന്നില്ലെങ്കിൽ  ഞാനും വീണുപോകാം. ഒരു യഥാർത്ഥ വിശ്വാസി ദൈവത്തിന്‍റെ ശക്തിയിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്.

മിശിഹായെ കാണാൻ എവിടെയും പോകരുത്, അവൻ വാനമേഘങ്ങളിലൂടെ വരുന്നു.

മത്തായി  24:26- ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അവൻ അറകളിൽ എന്നു പറഞ്ഞാൽ; വിശ്വസിക്കരുത്. 

തന്‍റെ രണ്ടാം വരവുമായി ബന്ധപ്പെട്ട മറ്റൊരു പ്രസക്തമായ ചോദ്യം യേശു എവിടെ നിന്ന് വരും എന്നതാണ്. യേശു മുകളിൽ ആകാശത്തുനിന്ന് വരും, അവനെ  കാണാൻ  നാം  എവിടെയും  പോകേണ്ടതില്ല.

അടയാളങ്ങൾ കാണുമ്പോൾ അവൻ അടുത്തെത്തി എന്ന് അറിയുക.

മത്തായി  24:33-  അങ്ങനെ നിങ്ങളും ഇതെല്ലാം കാണുമ്പോൾ,അവന്‍ അടുക്കെ വാതിൽക്കൽ തന്നെയാണെന്ന് അറിയുക.

ആ ദിവസങ്ങളിൽ  കാര്യങ്ങൾ അത്ര എളുപ്പമായിരിക്കയില്ല. അവൻ വാതിൽക്കൽ  ആയിരിക്കുമ്പോൾ അതു  നമുക്കറിയാനാകും.

ഉണര്‍ന്നിരിക്കുക,കർത്താവ് വരുന്ന നാഴിക നിങ്ങൾ അറിയുന്നില്ലല്ലോ.

മത്തായി  24:42-  നിങ്ങളുടെ കർത്താവു ഏതു നാഴികയിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു  ഉണര്‍ന്നിരിപ്പിൻ.

മത്തായി  25:13- മനുഷ്യപുത്രൻ വരുന്ന നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണര്‍ന്നിരിപ്പിൻ.

താൻ വരുന്ന ദിവസമോ നാഴികയോ ദൈവം വെളിപ്പെടുത്തിയിട്ടില്ല. ആളുകൾ ഇത് പ്രവചിക്കാൻ തുടങ്ങിയാൽ സൂക്ഷിക്കുക. ഇന്ന് പലരും അവൻ  എപ്പോൾ വരുമെന്ന് പ്രവചിക്കുന്നതിൽ വ്യഗ്രതയിലാണ്. അനേകം ദൈവപുരുഷന്മാർ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട് പക്ഷേ അത് തെറ്റായി മാറുകയും മറ്റ് വിശ്വാസികളെ  തെറ്റിദ്ധരിപ്പിക്കുകയും  ചെയ്തിട്ടുമുണ്ട്.

ഒരുങ്ങിയിരിക്കുക, ജ്ഞാനിയായിരിക്കുക.

മത്തായി  24:44-  അങ്ങനെ നിങ്ങൾ നിനെക്കാത്ത  നാഴികയിൽ  മനുഷ്യപുത്രൻ  വരുന്നതുകൊണ്ട് നിങ്ങളും  ഒരുങ്ങിയിരിക്കുവിൻ.

യേശു വരുന്ന ദിവസമോ നാഴികയോ നമുക്ക് അറിയില്ലെങ്കിലും അവന്‍റെ വരവിനായി  നാം  ഒരുങ്ങേണ്ടതുണ്ട്. പത്തു  കന്യകമാരുടെ ഉപമയിൽ പറയുന്ന മണവാളന്‍റെ വരവിനോടാണ് തന്‍റെ രണ്ടാം  വരവിനെ ഉപമിച്ചിരിക്കുന്നത്.

മത്തായി  25:1-13- സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്‍പ്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല.
ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു.
പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്‍പ്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.                                    
അപ്പോൾ കന്യകമാർ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു.
എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു. ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
അതിന്‍റെ ശേഷം മറ്റെകന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. 

ഈ ഉപമയിലെ ബുദ്ധിയുള്ള കന്യകമാരെപ്പോലെ നാമേവരും തയ്യാറാകേണ്ടതുണ്ട്. ഈ തയ്യാറെടുപ്പിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളോട് ‘ഇല്ല’ എന്നു പറയാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. പതിനൊന്നാം മണിക്കൂറിൽ എണ്ണ വാങ്ങാൻ പാടില്ല. പതിനൊന്നാം മണിക്കൂറിൽ പശ്ചാത്തപിക്കരുത് കാരണം കര്‍ത്താവ് നേരത്തെ വന്നേക്കാം. മാനസാന്തരപ്പെടാൻ കാത്തിരുന്നാൽ അവസരം ലഭിക്കണമെന്നില്ല. വഞ്ചിക്കപ്പെടരുത്. എന്നാൽ ബുദ്ധിയുള്ള കന്യകമാരെപ്പോലെ ജ്ഞാനികളും സന്നദ്ധരുമായിരിക്കുക. നമ്മുടെ കർത്താവിന്‍റെ രണ്ടാം വരവിനായി ഒരുങ്ങുക. നിങ്ങൾ അതിനു തയാറാണോ?