വിജയകരമായ ക്രൂശീകരണം

House of Prayer
May 22 · 1 minute read

ഈ ദുഃഖവെള്ളിയാഴ്ച, ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യാനികൾ ഒരു കുരിശ് ചുമന്ന് അവരുടെ പള്ളികളിലെ ശുശ്രൂഷകളിൽ പങ്കുചേരുകയാണല്ലോ. അവർ അത് ചെയ്യട്ടെ. എന്നാൽ നമുക്ക് ദൈവവചനത്തിലേക്ക് പോകാം, അവിടെ നാം എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. മത്തായി 10:37-39-വരെ ഇങ്ങനെ നമുക്കു വായിക്കാം,” എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. തന്‍റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. തന്‍റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്‍റെ നിമിത്തം തന്‍റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും” എന്ന്. 

ഇവിടെ ആദ്യം പറയുന്നത് യേശുവിനെക്കാൾ മാതാപിതാക്കളെ സ്നേഹിക്കരുത് എന്നാണ്. നിങ്ങൾ അവരെ സ്നേഹിക്കരുതെന്നും ബഹുമാനിക്കരുതെന്നും അവര്‍ക്കായി ഒന്നും ചെയ്യരുതെന്നും ഇതിനർത്ഥമില്ല. തീർച്ചയായും നിങ്ങൾ ഇവയെല്ലാം അവരോട് ചെയ്യണം. എന്നാൽ യേശു അവര്‍ക്കും മുകളിലായിരിക്കണം. രണ്ടാമത് യേശുവിനെക്കാൾ മക്കളെ സ്നേഹിക്കരുത്. ദുഃഖകരമെന്നു പറയട്ടെ, ഇന്നത്തെ ലോകത്തിലെ കുടുംബങ്ങൾക്ക് ഒന്നോ രണ്ടോ കുട്ടികൾ മാത്രമേയുള്ളൂ, അവർ മാതാപിതാക്കളുടെ ആരാധനാപാത്രങ്ങളായി മാറുന്നു. വാക്യം 38-ൽ അടുത്തതായി യേശു പറയുന്നത്, സ്വന്തം കുരിശുമെടുത്ത് തന്നെ അനുഗമിക്കാനാണ്. അത് യേശുവിന്‍റെ കുരിശല്ല. നമുക്കെല്ലാവർക്കും ഈ ലോകത്ത് ചുമക്കാൻ ഒരു കുരിശുണ്ട്, പക്ഷേ  ആ കുരിശ് ഒരിക്കലും നിങ്ങളുടെ പങ്കാളിയല്ല! വാക്യം 39 നമ്മോട്, തന്‍റെ ജീവനെ കണ്ടെത്തുന്നവന് അത് നഷ്ടപ്പെടുമെന്നും അവന്‍റെ നിമിത്തം അത് നഷ്ടപ്പെട്ടവൻ അത് കണ്ടെത്തുമെന്നും പറയുന്നു. നാമെല്ലാവരും നമുക്കായി ഒരു വ്യക്തിത്വം ഉണ്ടാക്കാൻ പാടുപെടുന്നു. അത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഒരിക്കലും നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ നാളെയെക്കുറിച്ചു പോലും വിഷമിക്കേണ്ടതില്ലെന്ന് വേദപുസ്തകം നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു. നിങ്ങൾ ക്രിസ്തുവിലേക്ക് വന്നതിനാൽ നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെടും എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. നിങ്ങൾ അവന്‍റെ അടുക്കൽ വന്നതിനാൽ നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെടുകയോ, ഉപേക്ഷിക്കേണ്ടിവരികയും ചെയ്തിട്ടുണ്ടോ?

ഇതേ തത്വം ലൂക്കോസ് 14:26,27-ലും നമുക്കു കാണാം. നിങ്ങൾ സുവിശേഷങ്ങൾ പഠിക്കുമ്പോള്‍, നാല് സുവിശേഷങ്ങൾ താരതമ്യം ചെയ്തു പഠിക്കുന്നത് ഒരു നല്ല ശീലമാണ്. അതുകൊണ്ടു നിങ്ങൾക്ക് പൂര്‍ണ്ണമായ ഗ്രാഹ്യം ലഭിക്കും. വാക്യം 26-ൽ, ‘ഭാര്യമാരും സഹോദരങ്ങളും സ്വന്തം ജീവിതവും’ എന്ന് കൂടി ലൂക്കോസ് കൂട്ടിച്ചേർക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘വെറുപ്പ്’ എന്നാണെങ്കിലും, അതിന്‍റെ അർത്ഥം ‘കുറഞ്ഞ സ്നേഹം ‘ എന്നാണ്. നാമെല്ലാവരും നമ്മെത്തന്നെ സ്നേഹിക്കുന്നു എന്നതാണ് സത്യം. പ്രത്യേകിച്ചും അന്ത്യനാളുകളിൽ, ആളുകൾ തങ്ങളെത്തന്നെ സ്നേഹിക്കുന്നവരായിരിക്കുമെന്ന് വേദപുസ്തകം പറയുന്നു. വി.മത്തായിക്കും, വി.പത്രോസിനും എല്ലാ ശിഷ്യന്മാർക്കും യേശുവിനെ അനുഗമിക്കാൻ എന്തെങ്കിലുമൊക്കെ ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ ഇവിടെ യേശു പറയുന്നത്, നിങ്ങൾ എന്തെങ്കിലും ഉപേക്ഷിക്കുക മാത്രമല്ല, കുരിശുമെടുത്ത് തന്നെ അനുഗമിക്കുകയും വേണം എന്നാണ്. 

നമ്മൾ ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്: 1. യേശുവിനെ അനുഗമിക്കുക 2. നിങ്ങളുടെ കുരിശുമെടുത്ത് യേശുവിനെ അനുഗമിക്കുക.

ഞാനൊരു ചോദ്യം ചോദിക്കട്ടെ. നിങ്ങളിൽ എത്ര പേർക്ക് മറ്റുള്ളവരാൽ വേദന ഉണ്ടായിട്ടുണ്ട്?  ക്രിസ്ത്യാനികളാലും, വിശ്വാസികളാലും എത്രപേർ വേദനിക്കപ്പെട്ടിട്ടുണ്ട്? ദൈവവചനവും നമ്മോടു പറയുന്നതെന്തെന്നാൽ, “ഒരു മനുഷ്യന്‍റെ ശത്രുക്കളോ അവന്‍റെ വീട്ടുകാർ തന്നെ” എന്നാണ്. അതുകൊണ്ട് നമുക്ക് എല്ലായിടത്തും ശത്രുക്കളുണ്ട് എന്നതൊരു വാസ്തവമാണ്. സത്യത്തില്‍ ദൈവം നമുക്ക് ചിലരെ തന്നിരിക്കുന്നത് സ്നേഹിക്കാനും, ക്ഷമിപ്പാനും, സഹായിപ്പാനും മാത്രമല്ല നമ്മെ വേദനിപ്പിക്കാനും കൂടിയാണ്. നമ്മെ കര്‍ത്താവ്‌ വിളിച്ചത് സുഖകരവും, സ്വസ്ഥവുമായ ജീവിതം ആസ്വദിക്കുവാൻ മാത്രമല്ല അവന്‍റെ ക്രൂശിനെ ചുമപ്പാനും കൂടിയാണ് എന്നതാണ് പ്രധാനവിഷയം. യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തില്‍ നാം പങ്കാളികളാവുക എന്ന് അവിടുന്നാഗ്രഹിക്കുന്നു. അതിന്നായി നമുക്ക് 2000 വര്‍ഷം പുറകോട്ടു പോകേണ്ട മറിച്ചു നമുക്കിപ്പോഴുള്ള കുരിശിനെയാണ് നാം ചുമന്നുകൊണ്ട് പോകേണ്ടത്. ഒരു കുറ്റവും തെളിയിക്കാൻ സാധിക്കാതെ യേശുക്രിസ്തുവിനെ ലോകം ക്രൂശിച്ചു. പക്ഷേ, നാം പാപികളായിരിക്കുമ്പോള്‍ത്തന്നെ നമുക്കു കിട്ടുന്ന ശിക്ഷകള്‍ക്ക് നാം അര്‍ഹരാണ് എന്നു ഒരിക്കലും അംഗീകരിക്കുവാന്‍ തയ്യാറല്ല എന്നതാണു സത്യം. ഇന്ന് ആ ക്രൂശ് നമ്മെ ഓര്‍പ്പിക്കുന്നത്, യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം നമുക്കായിട്ടായിരുന്നു എന്നത് യാഥാർഥ്യമാണെങ്കിൽ നാമും യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് ഇനി ഞാനല്ല, യേശുവാണ് എന്നിലും എന്നിലൂടെയും ജീവിക്കുന്നത് എന്ന അനുഭവം നമ്മുടെ ജീവിതത്തിലുണ്ടാകണം. ഇന്ന് നമ്മോടു ദൈവത്തിനു പറയാനുള്ള സന്ദേശം ‘നീ നിനക്കായ്‌ മരിക്കണം എന്നിട്ട് ഞാന്‍ നിന്നിലൂടെ ജീവിക്കട്ടെ’ എന്നുമാണ്.

യേശുക്രിസ്തുവിന്‍റെ മരണവും ആ മരണം എങ്ങനെ ആയിരുന്നുവെന്നതുമാണ് ഈ ദിനത്തില്‍ നാം ചിന്തിക്കുന്നത്. പ്രിയരെ, അവന്‍ നേരിട്ട അപമാനത്തിലേക്കും, വേദനയിലേക്കും, കഷ്ടപ്പാടിലേക്കും ഇന്നു നമുക്കൊന്ന് കടന്നുപോകാം. യേശു തന്‍റെ ശിഷ്യന്മാരുമൊത്ത് പെസ്സഹ കഴിച്ചതിനു ശേഷം രാത്രിയിൽ സെബതിപുത്രന്മാരായ ശിഷ്യന്മാരെ മാത്രം ഗെത്ത്ശേമന തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. യേശുവിനു, ഓരോരുത്തരും ഇനി എന്തെല്ലാം ചെയ്യുവാന്‍ പോകുന്നതെന്ന് നന്നായറിയാം. അവിടെവച്ചു യേശു പ്രാര്‍ത്ഥിച്ചത്, “പിതാവേ, ഈ പാനപാത്രം എന്നില്‍നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടം തന്നെയാകട്ടെ എന്നാണ്. പ്രിയരെ, ഈ ഒരു പ്രാര്‍ത്ഥന തന്നെയായിരിക്കണം നമ്മുടെയും പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയത്തു ആ വ്യഥയിൽ യേശുവിന്‍റെ വിയര്‍പ്പ് ചോരത്തുള്ളികളായി നിലത്തുവീണതായി നാം കാണുന്നു. അവിടെവച്ചാണ് യേശുവിനു തന്‍റെ വേദന അഥവാ കഷ്ടം ആരംഭിച്ചത്. അടുത്ത നിമിഷം ഒരുകൂട്ടം ആളുകളും യേശുവിന്‍റെ ശിഷ്യനുമായ യൂദായുംകൂടി തന്നേ പിടിക്കുവാനായി അവിടെ വന്നു. അന്നേരം യൂദാ യേശുവിനെ വന്നു കെട്ടിപ്പിടിച്ചു. ആ സമയം യേശു അവനെ ‘എന്‍റെ സ്നേഹിതാ’ എന്നാണു വിളിച്ചത്. നാം ഒരിക്കലും നമ്മെ ഉപദ്രവിച്ചവരെ ‘സ്നേഹിതാ’ എന്നു വിളിക്കുമോ? ഇല്ല, ഒരിക്കലുമില്ല. ഈ യൂദായുടെ ഒറ്റിക്കൊടുക്കലിനുശേഷം യേശുവിനെ എല്ലാവരുംകൂടി ചേര്‍ന്നു ആ രാത്രിതന്നെ പിടിച്ചുകൊണ്ടുപോയി. യേശുവിനു ഒരു സാധാരണ കുറ്റവാളിക്ക് കിട്ടുന്ന നീതിയും പല അവകാശങ്ങളും നിഷേധിക്കപ്പെട്ടു. അത് തന്നെ പിടികൂടിയ സമയത്തും പിന്നെ തന്‍റെ വിചാരണ സമയത്തും അങ്ങനെ നടന്നു. പക്ഷേ, നമ്മളോ അവകാശങ്ങള്‍ക്കുവേണ്ടി എപ്പോഴും മുറവിളികൂട്ടുകയാണ് ചെയ്യാറ്. കര്‍ത്താവിനെ വിചാരണ ചെയ്തപ്പോഴും അവന്‍ ഒരക്ഷരംപോലും മിണ്ടിയില്ല. അവന്‍റെ ഈ മൗനം കണ്ടിട്ടു പീലാത്തോസ് ആശ്ചര്യപ്പെട്ടു എന്നു അവിടെ എഴുതിയിരിക്കുന്നത് നമുക്ക് കാണാം. പ്രിയരെ, നമ്മുടെ സംസാരം കേട്ടിട്ട് മറ്റുള്ളവർ ‘ക്രിസ്ത്യാനികള്‍ക്ക് ഇങ്ങനെയൊക്കെ സംസാരിക്കാമോ?’ എന്നാണോ ചോദിക്കുന്നത്. നമ്മുടെയോക്കെയും ജീവിതത്തില്‍ നാം പലപ്പോഴും ക്രിസ്ത്യാനികളോ, വിശ്വാസികളോ ആണെന്നു മറന്നു ഉറക്കെ സംസാരിക്കുകയും,വാദിക്കുകയും കലഹിക്കുകയും  ഒക്കെ ചെയ്യുന്നു. എന്നാലോ എല്ലാ അവകാശങ്ങളും ഉണ്ടായിരുന്ന യേശുക്രിസ്തു അവിടെയും ഒന്നും മിണ്ടാതെ അനുസരണയോടെ ഒരു നല്ല മാതൃകയായി നിലനിന്നു എന്നു നാം മറക്കരുത്. അടുത്തതായി, ഒറ്റിക്കൊടുത്ത യൂദാ മാത്രമല്ല യേശുവിന്‍റെ മറ്റു ശിഷ്യന്മാരും തനിക്കൊരാപത്തു വന്നപ്പോൾ അല്ലെങ്കില്‍ തന്നെ പിടികൂടി കൊണ്ടുപോയപ്പോൾ തന്നെ വിട്ടിട്ടോടിക്കളഞ്ഞു എന്നതു സത്യമാണ്. പ്രിയരെ, നമ്മുടെ വേണ്ടപ്പെട്ടവരൊക്കെ നമ്മെ തള്ളിക്കളഞ്ഞിട്ടു പോയി എന്നു നാം പരാതിപ്പെടാതെ നമുക്ക് ആ ക്രൂശിലെ യേശുവിനെ ഒന്നു നോക്കാം. കര്‍ത്താവ്‌ നേരത്തെ തന്നെ പത്രോസിനോട് പറഞ്ഞിരുന്നു “നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്നു. അങ്ങനെ പത്രോസ് യേശുവിനെ തള്ളിപ്പറയുക മാത്രമല്ല അവനെ പ്രാകുകയും ചെയ്തു. പത്രോസും യേശുവിന്‍റെ മറ്റു ശിഷ്യന്മാരും യേശുവിനെ തള്ളിപ്പറഞ്ഞു. ഇതും കര്‍ത്താവിനു ഏറ്റവും കൂടുതൽ വേദനയുണ്ടാക്കി. അവസാനമായി യേശുവിനെ മഹാപുരോഹിതന്‍റെ അടുക്കലേക്കു കൊണ്ടു വന്നു. “നീ ദൈവപുത്രനാണോ, യഹൂദന്മാരുടെ രാജാവാണോ?” എന്നു മഹാപുരോഹിതൻ ചോദിച്ചപ്പോൾ യേശു, “അതേ” എന്നുത്തരം പറഞ്ഞു. അതു കേട്ട എല്ലാവരും യേശുവിനെ തല്ലുകയും, കന്നത്തടിക്കുകയും, മുഷ്ടിചുരുട്ടി കുത്തുകയും തന്‍റെ മുഖത്തു തുപ്പുകയും ചെയ്തുതുടങ്ങി. ഇവിടം മുതല്‍ യേശുവിനെ അവരൊക്കെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. യേശുവിനെ ചാട്ടവാറിട്ടടിക്കുകയും തന്‍റെ വസ്ത്രം കീറിക്കളയുകയും ചെയ്തു. ഈ ചാട്ടവാറടിയാല്‍ ശരീരം കീറിപ്പറിഞ്ഞു പോവുകയും, ആ അടിപ്പിണരാലാണ് നമുക്ക് സൗഖ്യം ലഭിക്കുന്നതെന്നും വചനം പറയുന്നു. മരണകരമായ രോഗങ്ങളില്‍നിന്നും നമ്മെ വിടുവിക്കയും, ജീവനോടെ നമ്മെ നിലനിര്‍ത്തുകയും ചെയ്യുന്നത് യേശുക്രിസ്തുവിന്‍റെ ശരീരത്തിലെ അടിപ്പിണരാലാണ് എന്നതുകൊണ്ട്‌ നമുക്ക് നമ്മുടെ കര്‍ത്താവിനു എല്ലാ മഹത്വവും കൊടുക്കാം. യേശുവിനെ ആ ക്രൂശില്‍വച്ചു തകർക്കുവാൻ പിതാവായ ദൈവത്തിനു മനസ്സുണ്ടായിരുന്നു എന്നു വചനം പറയുന്നു. നമ്മെയോര്‍ത്തു മാത്രമാണ് പിതാവാം ദൈവം അങ്ങനെ ചെയ്തത്. അതുകൊണ്ടാണ് പിശാചും കൂട്ടരും യേശുകര്‍ത്താവിനെ പൂർണ്ണശക്തിയോടെ തകർക്കുവാൻ സാധിച്ചത്.

അതിനുശേഷം അവര്‍ യേശുവിനു ഒരു മുള്‍ക്കിരീടം ഉണ്ടാക്കി അവനെ ചൂടിച്ചു. ചരിത്രം പറയുന്നത്, ഈ മുള്‍ക്കിരീടം തലയിലെക്കടിച്ചു കയറ്റുമ്പോൾ നമ്മുടെ തലയോട്ടിയുടെ അകത്തേയ്ക്ക് ഇതിന്‍റെ മുള്ളുകൾ കയറിയാൽ ഉള്ളിലുള്ള അവയവങ്ങള്‍ പുറത്തേക്കു തള്ളിവരും എന്നാണ്. അതുകഴിഞ്ഞു യേശുവിനെ ക്രൂശിക്കാനായി ഉള്ള ആ മരക്കഷ്ണം തനിക്കു സ്വന്തമായി ചുമന്നുകൊണ്ട് പോകേണ്ടിവന്നു. പക്ഷേ, ഈ മരക്കഷ്ണം ഒരിക്കലും ക്രൂശിക്കപ്പെടാനുള്ള വ്യക്തി ചുമക്കാറില്ല. ഇവിടെയും യേശുവിനു നീതി നിഷേധിച്ചു. അതുകൊണ്ട് പ്രിയരെ, നമുക്കുള്ള കുരിശിനെ നാം തന്നെ ചുമക്കണം. പിന്നെ കര്‍ത്താവിനെ അവർ കൂര്‍ത്ത ഇരുമ്പാണികൾകൊണ്ട് അവന്‍റെ കൈകാലുകളെ ആ കുരിശിലേക്കു ചേര്‍ത്തുതറച്ചു. പിന്നെ ആ കുരിശിനെ ഒരു കുഴിയിലെക്കിറക്കി നിര്‍ത്തി. അതോടെ കര്‍ത്താവിന്‍റെ അസ്ഥികളെല്ലാം ബന്ധം വിട്ടുപോയി. ഈ സംഭവിച്ചതെല്ലാം പഴയനിയമത്തില്‍ പല പുസ്തകങ്ങളിലും പ്രത്യേകിച്ച്‌ സങ്കീർത്തനത്തിലും പ്രവചനാത്മാവില്‍ എഴുതിയിട്ടുണ്ട്. യേശുവിനു ശ്വസിക്കാൻ കഴിയാതവണ്ണം ആ ക്രൂശില്‍ കിടക്കുമ്പോഴുള്ള അനുഭവത്തെ നമുക്ക് വാക്കുകളാൽ വര്‍ണ്ണിക്കാനാവില്ല. അതുമൂലം ഭയങ്കരമായ ദാഹം ഉണ്ടാകുമെന്നു വൈദ്യശാസ്ത്രം പറയുന്നു. അങ്ങനെ കര്‍ത്താവിനും ഭയങ്കരമായി ദാഹിച്ചു. പിന്നെ യേശു,“എനിക്കു ദാഹിക്കുന്നു” എന്നു നിലവിളിച്ചുപറഞ്ഞു. മത്തായി 27:33,34-ല്‍ പറയുന്നു, “അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു; അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല” എന്ന്. ഈ ‘കൈപ്പു കലക്കിയ വീഞ്ഞു’ എന്നു പറഞ്ഞാല്‍ അത് വേദന അറിയാതിരിക്കുവാന്‍ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയ ഒരു പാനീയമാണ്. ആ വീഞ്ഞ് യേശുകര്‍ത്താവു ഒരുപക്ഷേ കുടിച്ചിരുന്നെങ്കിൽ പിശാചു, “യേശുവിനു ആ കൈപ്പു കലക്കിയ വീഞ്ഞു കുടിച്ച് വേദന ഒട്ടും അറിയാതെയാണ് ക്രൂശിൽ കിടന്നതെന്നു” പറഞ്ഞു പരിഹസിക്കുമായിരുന്നു. എന്നാല്‍, യേശു ആ വീഞ്ഞു കുടിക്കാതെ, പിശാചിനു പരിഹസിപ്പാന്‍ ഇടവരുത്താതെ പൂര്‍ണമായും ആ വേദന സഹിക്കുവാന്‍ തയ്യാറായി.

അവസാനമായി, യോഹന്നാന്‍ 19:29,30-ല്‍ നമുക്കിങ്ങനെ കാണാം, “അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്‍റെ വായോടു അടുപ്പിച്ചു.”യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു” എന്നാണ്. നേരത്തെ വി.മത്തായിയുടെ പുസ്തകത്തില്‍ വീഞ്ഞു കുടിച്ചില്ല എന്നും ഇവിടെ കുടിച്ചു എന്നും പറയുന്നു. അതിനു കാരണം, ഇതൊരു പ്രവചനനിവര്‍ത്തിയാണ്. പണ്ട് ഇസ്രായേല്‍ജനം മിസ്രയീമില്‍നിന്നു വരുന്നതിന്‍റെ തലേന്നു രാത്രി അവർ ഒരു ആട്ടിന്‍കുട്ടിയെ കൊന്ന് അതിന്‍റെ രക്തം  ഈ ഈസോപ്പു തണ്ടിന്മേലാക്കിയാണ് വാതിലുകളുടെ കട്ടിളമേലും കുറുമ്പടിമേലും പുരട്ടിയത്. ഇവിടെ പുളിച്ചവീഞ്ഞ് പാപത്തെയാണ് കാണിക്കുന്നതു. ഈ പാപത്തെയാണ് യേശു കുടിച്ചത്. ഈ ലോകത്തിലെ സകലരുടെയും പാപപരിഹാരത്തിനായാണ് യേശുക്രിസ്തു സ്വയം പാപമായത്. ആ പാപത്തിന്‍റെ കയ്പ്പു കുടിക്കുന്ന സമയത്തു, പിതാവായ ദൈവം യേശുവിനെ കാണാതവണ്ണം ഒരുനിമിഷത്തേക്ക്‌ തന്‍റെ മുഖം മറച്ചു. പിതാവായ ദൈവം യേശുവില്‍നിന്നു അല്പനേരത്തേക്കു മാറിനില്‍ക്കുന്നത് യേശുവിനു ചിന്തിക്കുവാന്‍ പോലും കഴിയില്ലായിരുന്നു. ഇക്കാര്യമാണ് യേശു ഗെത്ത്ശേമന തോട്ടത്തില്‍വച്ചു പ്രാര്‍ത്ഥിച്ചത്, ”ദൈവമേ, ഈ പാനപാത്രം എന്നില്‍നിന്നു നീക്കേണമേ എന്നു”. ഇവിടെ നാം മനസ്സിലാക്കേണ്ടത്, യേശുക്രിസ്തുവിനെ ക്രൂശിച്ചുകൊന്നു എന്നല്ല, യേശു കുരിശില്‍ക്കിടന്നു തന്‍റെ ആത്മാവിനെ പിതാവിങ്കലേക്ക് ഏല്‍പ്പിച്ചുകൊടുത്തു എന്നതാണ്. അതുകൊണ്ട് ഈ ലോകത്തിലെ സകല മാനവജാതിയുടെയും പാപത്തിനു, ദൈവം വച്ചിരുന്ന ശിക്ഷ മുഴുവനുമായും ഏറ്റെടുത്ത് ആ പാപക്കടം കൊടുത്തുതീര്‍ത്തു. അതുകൊണ്ടാണ് നാം ഇപ്പോഴും അവിടുത്തെ സന്നിധിയിലായിരിക്കുന്നതെന്നു വിശ്വസിച്ചു നമുക്ക് നമ്മുടെ കര്‍ത്താവിനെ സ്തുതിക്കാം. ഈ ലോകത്തിലെ സകല ദോഷങ്ങളെയും ക്രൂശില്‍വച്ചു കൈമാറ്റം ചെയ്ത് നമുക്കായി യേശുക്രിസ്തു എല്ലാ നന്മകളും തന്നതിനായി നമുക്കു ദൈവത്തിനു സ്തോത്രം ചെയ്യാം.

യേശുകര്‍ത്താവ് ക്രൂശിൽ കിടക്കുമ്പോഴും ശുശ്രൂഷ ചെയ്യുകയായിരുന്നു. തന്‍റെ കൂടെയുണ്ടായിരുന്ന കള്ളനെ രക്ഷിച്ചു, തന്‍റെ അമ്മയായ മറിയത്തെ ശുശ്രൂഷിക്കുവാൻ യോഹന്നാൻ എന്ന ശിഷ്യനെ ഏല്‍പ്പിച്ചു. ഒടുവിലായി യേശു തന്‍റെ ആത്മാവിനെ വിട്ടുകൊടുക്കുന്നതിനു മുമ്പ് ഒരു കാര്യവും കൂടി ചെയ്തു, അതാണ്‌ നമുക്ക് ഏറ്റവും പ്രയാസമേറിയ കാര്യവും. യേശു പറഞ്ഞു, ”പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവർ അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ” എന്ന്. യേശുക്രിസ്തു സകലരോടും ക്ഷമിച്ചപ്പോള്‍ അവന്‍റെ ക്രൂശീകരണം പൂര്‍ത്തിയായി. ഇതുപോലെ നമ്മളും സകലരോടും ക്ഷമിച്ചാലെ നമ്മുടെ ക്രൂശീകരണവും പൂര്‍ത്തിയാവൂ. യേശു ഒരു ചെറിയ തുണിയുടുത്തുകൊണ്ട് ആ ക്രൂശിൽ  കിടക്കുന്നതായാണ് നാം ചിത്രങ്ങളില്‍ കണ്ടിട്ടുള്ളത്. എന്നാല്‍, ചരിത്രം പറയുന്നത് ക്രൂശിക്കപ്പെട്ട ഒരു വ്യക്തി എപ്പോഴും നഗ്നനായിരിക്കും എന്നാണ്. ഇത്  അപമാനത്തെ കാണിക്കുന്നു.

അക്കാലത്തു ക്രൂശിക്കപ്പെട്ട വ്യക്തി മരിച്ചു എന്നുറപ്പിക്കാനും, മരിച്ചില്ലായെങ്കിൽ വേഗത്തില്‍ മരിക്കുവാനായി റോമാക്കാർ ആ വ്യക്തിയുടെ കാലുകളെ ഒടിച്ചുകളയുന്ന ഒരു പതിവുണ്ടായിരുന്നു. യേശുക്രിസ്തുവിന്‍റെ കാലുകളെ ഒടിക്കുവാനായി വന്ന പടയാളികൾ അവൻ മരിച്ചുകഴിഞ്ഞതായി കണ്ടു. ഇതോടെ, “അവന്‍റെ അസ്ഥികളൊന്നും ഒടിഞ്ഞുപോകില്ല” എന്ന പഴയനിയമത്തിലെ യേശുവിനെക്കുറിച്ചുള്ള പ്രവചനം നിവര്‍ത്തിയായി. ഈ പ്രവചനം നമുക്കുവേണ്ടിയുള്ളതായി അബദ്ധത്തില്‍പോലും നാം അതെറ്റെടുക്കരുത്, കാരണം ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു വേണ്ടി മാത്രമുള്ളതാണ്. യേശുവിനെ ക്രൂശിച്ച ആ സ്ഥലത്തിന്നടുത്തായി തന്നെയായിരുന്നു അവിടുത്തെ പ്രധാനവഴിയും. ഈ വഴിയില്‍നിന്നുകൊണ്ട്‌ അനേകം പേർ യേശുവിനെ ഒരു കാര്യവുമില്ലാതെ പരിഹസിച്ചു. ഇങ്ങനെ യേശുകര്‍ത്താവ് അനേകര്‍ക്ക്‌ ഒരു കൂത്തുകാഴ്ചയായി മാറി. ഇതിലൂടെ നാം കണ്ടത് ദൈവം അനേകരെ യേശുവിന്‍റെ ക്രൂശികരണത്തിനു ഉപയോഗിച്ചതായാണ്. 

അടുത്തതായി യേശുവിന്‍റെ മരണം കഴിഞ്ഞതിനു ശേഷം മറ്റനേകം ആളുകളെ ദൈവം ഉപയോഗിക്കുന്നു എന്നു നമുക്ക് കാണുവാനാകും. യേശുവിന്‍റെ ശരീരത്തെ അടക്കം ചെയ്യുവാനായി നിക്കൊദേമോസിനെയും, അരിമത്യക്കാരനായ യോസേഫിനെയും ദൈവം ഉപയോഗിച്ചു. ഇവിടെ യേശുവിനെ ക്രൂശിലേക്ക് കയറ്റിയ ആരും അല്ല അവനെ തിരിച്ചു ക്രൂശില്‍നിന്നും ഇറക്കിയത് എന്നു നമുക്ക് കാണുവാനാകും. ഇത് കാണിക്കുന്നതു, നാമും ഈ ക്രൂശിൽ(മരിപ്പാന്‍ വേണ്ടി) കിടക്കുമ്പോള്‍, നമ്മെ ക്രൂശിച്ചവർ(ദ്രോഹിച്ചവര്‍) തിരിച്ചു വന്നു നമ്മോടു ക്ഷമ ചോദിക്കുമെന്നാണ് നമ്മുടെയോക്കെയും വിചാരം. അങ്ങനെ നാം കരുതുന്നുണ്ടെങ്കില്‍, അതൊരിക്കലും നടക്കാന്‍ പോകുന്ന കാര്യമേ അല്ല. അതിനു കാരണം, ദൈവം അവരെയൊക്കെ നമുക്കായി ദ്രോഹങ്ങളും, ഉപദ്രവങ്ങളും ചെയ്യാനായിട്ടാക്കിയവരാണ്. അവരതൊക്കെ ചെയ്തുകഴിഞ്ഞു പോവുകയും ദൈവം മറ്റു ചിലരെ അവനെ ശുശ്രൂഷിപ്പാനുമായി ആക്കിവച്ചു. അങ്ങനെ ക്രൂശീകരണവും, മരണവും കഴിഞ്ഞു യേശുവിനെ കല്ലറയില്‍ കൊണ്ടുവച്ചു. യേശുവിനെ കല്ലറയില്‍ വച്ചിട്ട്, എല്ലാവരും അവിടംവിട്ടു പോയി. പ്രിയരെ, ഇതുപോലെ നമ്മെയും എല്ലാവരും മറന്ന് വിട്ടുപോകുന്ന അവസരങ്ങലില്ലേ? ആ കല്ലറയും നമ്മോടു പറയുന്നത്, നാമും ആ ഏകാന്തതയിലും ഇരുട്ടിലും കൂടെ കടന്നുപോകേണ്ടതാണ് എന്നാണ്. അതുകഴിഞ്ഞു ഒരു ഉയിര്‍പ്പിന്‍റെ പ്രഭാതം ഉണ്ടാകുന്നു. അതെ, യേശുകര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു.

ക്രൂശീകരണത്തിന്‍റെ മൂന്ന് ഭാഗങ്ങളായ ക്രൂശുമരണം, കല്ലറ, ഉയിര്‍പ്പ് എന്നിവയെ കുറിച്ചു നാം കണ്ടു. യേശുകര്‍ത്താവ് ഒരു പുതിയ പുനരുദ്ധാനശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു. പ്രിയരെ, ഈ ശക്തി നമുക്കും വേണ്ടേ? എങ്കില്‍, വിജയകരമായ ക്രൂശീകരണത്തിലൂടെ നാം കടന്നു പോയാൽ മാത്രമേ നമുക്ക് ആ ശക്തിയെ നേടുവാന്‍ കഴിയൂ. നിങ്ങളുടെ ക്രൂശീകരണം വിജയകരമായി പൂര്‍ത്തിയായോ? അതോ, നിങ്ങളിപ്പോഴും ആ ക്രൂശിൽ തൂങ്ങിക്കിടക്കുകയാണോ? നിങ്ങളെ ദ്രോഹിച്ചവര്‍ നിങ്ങളുടെ അടുക്കല്‍വന്നു നിങ്ങളോടു മാപ്പു ചോദിക്കുമെന്നു കരുതുന്നുണ്ടോ? പ്രിയരെ, അവരാരും ഒരിക്കലും മടങ്ങി വരില്ല. യേശുവിനെ ക്രൂശിച്ചവര്‍ മടങ്ങിയെത്തിയതുമില്ല കര്‍ത്താവ് അവരെ തേടിപ്പോയതുമില്ല. യേശുകര്‍ത്താവ് തന്നേ സ്നേഹിച്ചവര്‍ക്ക് മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളു. ഇവിടെ നമ്മളായിരുന്നെങ്കിലോ, ആദ്യം പീലത്തോസിനും പിന്നെ നമ്മെ ദ്രോഹിച്ച മറ്റുള്ളവര്‍ക്കു മുമ്പിലും പ്രത്യക്ഷപ്പെടുമായിരുന്നു. എന്നാല്‍, യേശുകര്‍ത്താവ് ഈപ്പറഞ്ഞ ആരുടേയും മുമ്പിലേക്കു പോയില്ല. നാം ഒരിക്കലും പ്രതികാരം ചെയ്യരുത്. “പ്രതികാരം യഹോവയ്ക്കുള്ളത്‌”എന്നു  തിരുവചനം നമ്മെ ഓര്‍പ്പിക്കുന്നു. എല്ലാം നമ്മുടെ നീതിമാനായ ദൈവത്തിന്‍റെ കൈയ്യിലേക്ക് ഭരമേല്‍പ്പിക്കുക. ഒരിക്കലും നാം പ്രതികാരം ചെയ്യരുത് അല്ലെങ്കിൽ ദൈവം അതില്‍നിന്നു നമ്മെ മാറ്റിയിരുന്നാലും നാം അതിനെ മറികടന്നു നമ്മുടെ ജഡത്തിൽ സന്തോഷിക്കാനായി ശ്രമിച്ചാലും നമ്മുടെ ക്രൂശീകരണം പൂര്‍ത്തിയാവില്ല. നിങ്ങൾ വിജയകരമായ ഒരു ക്രൂശീകരണത്തിന് വിധേയനായാൽ പിന്നീട് നിങ്ങൾ ശുശ്രൂഷിക്കുന്ന അധികാരവും, ശക്തിയും വളരെ കൂടുതലായിരിക്കും എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട വിഷയം. ഞാന്‍ എന്‍റെ കുരിശുമെടുത്തു അങ്ങയെ അനുഗമിക്കാം എന്നു നമുക്കു തീരുമാനിക്കാം. ജീവിതകാലം മുഴുവനും ക്രൂശു ചുമന്നുംകൊണ്ട് അങ്ങയെ അനുഗമിപ്പാനായി കര്‍ത്താവേ അങ്ങ് കൃപ നല്‍കുകയും സഹായിക്കുകയും ചെയ്യേണമേ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.               

yt subscribe
House of Prayer, Trivandrum
2.08K subscribers
Subscribe

Related Articles

Subscribe to our newsletter